Kerala
മലപ്പുറം: മോഷണ ശ്രമമാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവച്ച് മര്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കിഴിശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ് എന്നിവരാണ് പിടിയിലായത്.
ഇരുമ്പ് വടിയും തടികളും ഉപയോഗിച്ച് ഇവർ കുട്ടികളെ മർദിക്കുകയായിരുന്നു. തുടർന്ന് മോഷണ കുറ്റമാരോപിച്ച് കുട്ടികളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നുവെന്ന് മനസിലാക്കിയ കൊണ്ടോട്ടി പോലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകാഷ്മീരിൽ നിന്ന് 10 പേരെ എൻഐഎ അറസ്റ്റ് ചെയ്തു. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇതിൽ ഒരാൾ സർക്കാർ ജീവനക്കാരനാണെന്നും അന്വേഷണസംഘം പറഞ്ഞു.
അറസ്റ്റിലായ ലക്നോ സ്വദേശി ഡോക്ടര് ഷഹീന് ജെയ്ഷേ തലവന് മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. ആരീഫാ ബീവിയുമായി ഡോക്ടര് ഷഹീൻ സമ്പർക്കത്തിലായിരുന്നുവെന്ന് ഏജൻസികൾ വ്യക്തമാക്കി.
ജെയ്ഷേ വനിതാ സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തെരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം.
ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്.
District News
നെടുങ്കണ്ടം: അനധികൃത പണമിടപാട് നടത്തിയ രണ്ടു പേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന് ഷൈലോക്കിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില് ഇവരില്നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തു. നെടുങ്കണ്ടം ആശാരികണ്ടം മഠത്തില് അബ്ദുള് ഖാദര് (77), തമിഴ്നാട് സ്വദേശിനി കലാഭവന് വീട്ടില് സൂര്യകല (60) എന്നിവരാണ് പിടിയിലായത്.
അബ്ദുല് ഖാദറിന്റെ വീട്ടില് നടത്തിയ പരിശോധനയില് കിടപ്പുമുറിയില് സൂക്ഷിച്ച 21,12,000 രൂപയും നിരവധി മുദ്രപ്പത്രങ്ങളും ചെക്കുകളുമാണ് കണ്ടെടുത്തത്. മറ്റൊരു പരിശോധനയില് നെടുങ്കണ്ടത്ത് പച്ചക്കറിവ്യാപാരം നടത്തുന്ന സൂര്യകലയുടെ പക്കല്നിന്ന് 1,01,350 രൂപയും അഞ്ചു ചെക്കുകളും പ്രോമിസറി നോട്ടും കണ്ടെടുത്തു. കോടതിയില് ഹാജരാക്കിയ പ്രതികള്ക്ക് ജാമ്യം അനുവദിച്ചു.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
Kerala
തൃശൂര്: സൈബര് സാമ്പത്തിക കുറ്റകൃത്യങ്ങള് തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഓപ്പറേഷൻ സൈ ഹണ്ടിൽ അറസ്റ്റിലായവരിൽ എംപിയുടെ പിഎയും. വി.കെ.ഹാരീസ് ബീരാൻ എംപിയുടെ പിഎ വാഴക്കുളം സ്വദേശി ഹസൻ അനസ് (25) ആണ് പോലീസിന്റെ പിടിയിലായത്.
എംപിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ആറ് മാസം മുമ്പാണ് ഇയാൾ നിയമിതനായത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസൻ അനസ്. ഇയാളുടെ അക്കൗണ്ടിലേക്ക് 1,70,000 രൂപ വന്നിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
ഈ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം ഇയാൾ പിൻവലിച്ചിരുന്നു. ഓപ്പറേഷൻ സൈ ഹണ്ടിൽ കൂടുതൽ വിദ്യാർഥികൾ അറസ്റ്റിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു.
പ്രതികളായ വിദ്യാർഥിളെ നിയന്ത്രിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിക്കായുള്ള തെരച്ചിലിലാണ് അന്വേഷണസംഘം. തട്ടിപ്പ് പണം എത്തിയിരുന്നത് കോളജ് വിദ്യാർഥിളുടെ അക്കൗണ്ടിലേക്കാണെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു.
Kerala
വടക്കഞ്ചേരി: നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ രണ്ടിന് ദേശീയപാതയിൽ നടന്ന സംഭവത്തിൽ പ്രതികളെ വടക്കഞ്ചേരി പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
കഴിഞ്ഞ ഓഴ്ച്ചയായി റോഡിൽ നിര്ത്തിയിട്ട വാഹനങ്ങളിൽ നിന്നും ഒരു സംഘം ഡീസൽ മോഷ്ടിക്കുന്നുവെന്ന വ്യാപക പരാതി ഉണ്ടായിരുന്നു. വാളയാർ മുതൽ പ്രതികളെ പിടികൂടാൻ അവിടത്തെ പോലീസ് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.
പ്രതികൾ സഞ്ചരിച്ച യുപി രജിസ്ട്രേഷനിലുള്ള ലോറിക്ക് വടക്കഞ്ചേരി പോലീസ് കൈകാണിച്ചെങ്കിലും പോലീസ് വാഹനത്തേയും ഇടിച്ചിട്ട് സംഘം നിർത്താതെ പോവുകയായിരുന്നു. പന്നിയങ്കര ടോൾ പ്ലാസയിലെ ഗേറ്റും ഇടിച്ച് തകർത്തായിരുന്നു പോക്ക്.
പിന്നീട് ഇറങ്ങി ഓടിയ അഞ്ചു പേരെയും വാണിയം പാറയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ സ്ഥിരമായി നിർത്തിയിട്ട വണ്ടികളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.